കൊട്ടിയൂര്‍ : മലയോര മേഖലയായ കൊട്ടിയൂരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഇത്തവണയും വൈശാഖോത്സവ കാലത്ത് ഭക്തര്‍ വലയും. ഏകദേശം ആറ് മാസം മാത്രമാണ് ഉത്സവകാലം തുടങ്ങാന്‍ ബാക്കിയുളളത്. കഴിഞ്ഞ വര്‍ഷം ഉണ്ടായതുപോലെ വന്‍ ഭക്തജനത്തിരക്കാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. വാഹനപാര്‍ക്കിങ്ങാണ് കഴിഞ്ഞ തവണ ഭക്തരെ ഏറെ പ്രയാസപ്പെടുത്തിയത്. പ്രധാനമായും രണ്ട് പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രപരിസരത്തും മന്ദംചേരിയിലും. ഇവിടെ ആകെ 2500 വണ്ടികള്‍ മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുളളത്. മറ്റ് വണ്ടികള്‍ വീടുകളുടെ മുറ്റത്തും പറ്റുന്നിടത്ത് ഒക്കെ ഇട്ടുമാണ് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ ഗ്രൗണ്ടുകള്‍ രാവിലെ തന്നെ നിറഞ്ഞ് കവിയുന്ന കാഴ്ചയാണ് പ്രധാന വിശേഷ ദിവസങ്ങളില്‍ കണ്ടത്. പിന്നെ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആകാതെ റോഡില്‍ തന്നെ അവസരത്തിനായി കാത്തു കിടന്നു. ഇത് വലിയ ഗതാഗതക്കുരിക്കിന് തന്നെ കാരണമായി. പ്രധാന പാതയായ മലയോര ഹൈവേയും സമാന്തര പാതയും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. കേളകം ഭാഗത്തേക്കുളള വാഹനങ്ങളുടെ നിര കേളകം ടൗണും കഴിഞ്ഞ് കണിച്ചാര്‍ വരെ എത്തുന്ന സ്ഥിതിയുണ്ടായി. ഒന്‍പത് കിലോമീറ്റര്‍ ദുരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര...! അമ്പായത്തോട് ഭാഗത്തേക്കുളള വാഹനങ്ങളുടെ നീണ്ട നിര ബോയ്സ്ടൗണ്‍ വരെയെത്തി. ഒരു ഇഞ്ച് പോലും അനങ്ങാന്‍ ആകാതെ വാഹനങ്ങള്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നിര്‍ത്തിയിടേണ്ട സ്ഥിതിയുണ്ടായി. കേളകത്ത് നിന്ന് വെറും ഇരുപത് മിനിറ്റ് കൊണ്ട് എത്താവുന്ന കൊട്ടിയൂരില്‍ വാഹനങ്ങള്‍ എത്തിയത് നാല്- മുതല്‍ ആറ് മണിക്കൂറുകള്‍ കൊണ്ടാണ്. സഹികെട്ട് ഭക്തര്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. നാട്ടുകാരും വലഞ്ഞു. വാഹനവുമായി ഒന്ന് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. മാനന്തവാടി - മട്ടന്നൂര്‍ നാല് വരി പാത യാഥാര്‍ത്യമായാല്‍ നിലവിലുളള പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ കൂടിയാണ് കടന്നുപോകുന്നത്. അപ്പോള്‍ പാര്‍ക്കിങ് സൗകര്യം പിന്നേയും കുറയും. പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം കണ്ടെത്തുക എന്നത് തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. അക്കരെ ക്ഷേത്രത്തിന്റെ തൊട്ടു പുറകിലായി രണ്ട് എക്കര്‍ സ്ഥലം ദേവസ്വത്തിന് സ്വന്തമായിയുണ്ട്. എന്നാല്‍ ഇവിടേക്ക് എത്തിചേരുന്നതിനുളള വഴിയ്ക്കായി 65 സെന്റ് സ്ഥലം ഏറ്റെടുക്കാനുളള നടപടി നാല് വര്‍ഷമായി എങ്ങുമെത്തിയില്ല. ഈ സ്ഥലം കൂടി ലഭ്യമായാല്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കാന്‍ സാധിക്കും. ഇത് കൂടാതെ കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലം വീതം വാങ്ങിച്ച് ഇരു ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനായി ക്രമീകരിക്കണമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ തന്നെ പറയുന്നത്. അല്ലെങ്കില്‍ ഉത്സവകാലത്ത് കൂറേ സ്ഥലം ലീസിനെടുക്കുക എന്നതാണ് അവര്‍ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ആശയം. പാര്‍ക്കിങ്ങിന് വേണ്ട നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിച്ചാല്‍ മാത്രമേ ഉത്സവകാലം ആകുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ ആകൂ. കുറഞ്ഞത് അടുത്ത ഇരുപത്തിയഞ്ച് വര്‍ഷം ഉണ്ടാകാന്‍ ഇടയുളള വാഹനങ്ങളുടെ തിരക്കും ഭക്തജനപ്രവാഹവും കണക്കില്‍ എടുത്തുളള പാര്‍ക്കിങ് സൗകര്യമാണ് കൊട്ടിയൂരില്‍ ഏര്‍പ്പെടുത്തേണ്ടത്.
Scarce parking lot. If the four-lane road comes, it will not exist either....!